കനത്ത മഴയും മിന്നലും; ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍

ഡല്‍ഹി: കനത്ത മഴയേയും മിന്നലിനേയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ജയ്പൂര്‍, ലക്നൗ, അമൃത്സര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

16 ല്‍ പത്തും ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. ലക്നൗവിലേക്ക് മൂന്ന്, അമൃത്സറിലെക്ക് രണ്ട്, അഹമ്മദാബാദിലേക്ക് ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 29 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top