കലിതുള്ളി പേമാരിയും പ്രളയവും; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Nilambur floods

തിരുവനന്തപുരം: ശക്തമായ മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇന്ന് (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിയേക്കും.

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ടെന്നും, ആയതിനാല്‍ യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

Top