ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന്യൂനമര്‍ദ്ദം 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച മുതല്‍ കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളില്‍ അതിശക്തമായതോ (24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ) ശക്തമായതോ (24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്.

Top