കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു, പിന്നില്‍ ‘കോംബസു’ ! കനത്ത ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴയ്ക്കു പിന്നില്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും. ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റിന്റെയും സ്വാധീനത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത.

മധ്യകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി നാലു ദിവസംവരെ തുടര്‍ന്നേക്കും. പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തില്‍ ‘ലയണ്‍ രോക്കര്‍’, ‘കോംബസു’, ‘നംതെയോണ്‍’ ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ കോംബസുവാണ് ശക്തിയേറിയതും കേരളത്തില്‍ മഴയ്ക്കിടയാക്കുന്നതിലെ പ്രധാന ഘടകവും. ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദം രൂപപ്പെടാന്‍ വൈകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ബുധനാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഒക്ടോബര്‍ പതിനഞ്ചോടെ ആന്ധ്ര, ഒഡീഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നായിരുന്നു നേരത്തേയുള്ള വിശകലനം. വരും മണിക്കൂറുകളില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 14, 15 തീയതികളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്. ഈ ദിവസങ്ങളില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യതയുണ്ട്.

Top