പോളിങ് ശതമാനം കൂടിയത് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടത് -വലത് മുന്നണികള്‍

കൊച്ചി : ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2014 ല്‍ 74.02 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 77. 67 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 20 മണ്ഡലങ്ങളിലും പോളിങ് ശതമാനം വര്‍ദ്ധിച്ചു.

സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇടത് -വലത് മുന്നണികള്‍. പാലക്കാടും ആറ്റിങ്ങലും ഒഴികെ ഏതു മണ്ഡലത്തിലും വിജയിക്കുമെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പിനുള്ളത്.

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയിലുണ്ടാക്കിയ ഉണര്‍വിന്റെ കൂടി പശ്ചാത്താലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കാസര്‍ഗോഡ് ആലത്തൂര്‍ ഉള്‍പ്പെടെ ഏത് മണ്ഡലങ്ങളിലും ജയം ഉണ്ടാകാം. ശക്തമായ പോരാട്ടം നടന്ന വടകരയിലും കോഴിക്കോടുമെല്ലാം യു.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഭൂരിപക്ഷ മൂന്ന ലക്ഷത്തോളം എത്തിയേക്കാം.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ വിജയം ഉറപ്പാണെന്ന് നേതാക്കള്‍ പറയുന്നു. കോട്ടയം, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിങ്ങനെ മധ്യകേരളം ആകെ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ്. മലപ്പുറം പൊന്നാനിയും ലീഗിന്റെ കോട്ടകളായി തന്നെ തുടരുമെന്നും യു.ഡി.എഫ് കരുതുന്നു.

അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പോലെ ന്യൂനപക്ഷങ്ങള്‍ വോട്ട് ചെയ്തുവെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്ക് വയ്ക്കുന്നുണ്ട്. ബി.ജെ.പി വിരുദ്ധ വികാരം കേരളത്തിലുടനീളം ഉണ്ടായെന്നും മുന്നണി നേതൃത്വം കണക്ക് കൂട്ടുന്നു.

വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടായത് അനൂകലമായിട്ടാണ് ഇടത് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ പോളിങ് ശതമാനക്കണക്കിലാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ആറ്റിങ്ങലില്‍ വിജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്.

വടക്കന്‍ കേരളത്തില പോളിങ് ശതമാനത്തില്‍ ഇടത് നേതൃത്വം സംതൃപ്തരാണ്. വോട്ടിങ് നിലയെ സംബന്ധിച്ചും വിജയസാധ്യതയെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകമ്മിറ്റികളോട് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ സി.പി.എം നടത്തും.

Top