പാക്ക് വെടിവെപ്പില്‍ പ്രേതനഗരമായി അര്‍നീയ; 40,000 പേരെ സൈന്യം മാറ്റിപ്പാര്‍പ്പിച്ചു

pakshelling_arina

എസ്പുര: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ജമ്മുകശ്മീരിലെ ‘അര്‍നിയ’നഗരം ഇപ്പോള്‍ പ്രേതനഗരമാണ്. ആരുമില്ല…കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ നഗരത്തില്‍ 18,000-ലേറെ പേര്‍ താമസിച്ചിരുന്നു. എന്നാല്‍ ഇന്നിവിടെ ശൂന്യമാണ്. പാകിസ്ഥാന്റെ കനത്ത വെടിവെപ്പിനെ തുടര്‍ന്നാണ് നഗരവാസികള്‍ ഇവിടെ നിന്നും ഉപേക്ഷിച്ചുപോയത്. ഇന്ത്യാപാക്-അതിര്‍ത്തിയില്‍ ഏകദേശം 40,000 ഗ്രാമവാസികളാണ് താമസിച്ചിരുന്നത്. വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിപോവുകയാണ്.

കഷ്ടപ്പെട്ട് സ്വന്തമാക്കിയ ഭൂമിയും, കൃഷിയും, കന്നുകാലികളെയും ഉപേക്ഷിച്ച് സ്വരക്ഷ തേടി പോവുകയായിരുന്നു ഏവരും. പാകിസ്ഥാന്റെ നിര്‍ത്താതെയുള്ള വെടിവെപ്പും വെടിയൊച്ചയും, വാഹനങ്ങളുടെ ഇരമ്പലും തുറന്ന ഒരു യുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും വീടിന്റെ ഭിത്തികളില്‍ തറച്ചു നില്‍ക്കുന്ന ബുള്ളറ്റുകളും അവരെ ഭയപ്പെടുത്തുകയാണെന്നും ഗ്രാമവാസികള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍

തങ്ങളുടെ വീടുകളിലും, വയലേലകളിലും ഇപ്പോള്‍ ഉള്ളത് അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ ജവാന്‍മാരാണ്. വെടിയുണ്ടകാള്‍ തുളകള്‍ വീണ ഭിത്തികളും, വാതിലുകളും മാത്രമാണ് എവിടേയും കാണാന്‍ സാധിക്കുന്നത്. ആദ്യം വീടുപേക്ഷിച്ച് പോകാന്‍ മടിച്ചവരൊക്കെ യുദ്ധത്തിന്റെ രീതി മാറിയപ്പോള്‍ മാറി പോകാന്‍ തീരുമാനിച്ചു.

ഇപ്പോഴത്തെ സംഭവം 1965, 1971 ലെ യുദ്ധങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് അര്‍നിയ ഗ്രാമത്തിലെ യശ്പാല്‍ പറഞ്ഞു. അദ്ദേഹത്തിന് ഇപ്പോള്‍ 80 വയസാണ്. കഴിഞ്ഞ ദിവസത്തെ കനത്ത വെടിവെപ്പില്‍ കുടുംബത്തോടെ അതിര്‍ത്തിയിലെ ഒരു ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു.

അതേസമയം അര്‍നീയയില്‍ നിന്ന് കൂടുതല്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്.പുര സബ് ഡിവിഷണല്‍ ഓഫീസര്‍ സുരീന്ദര്‍ ചൗദരി പറഞ്ഞു. ഏകദേശം 36,000-ത്തോളം പേരെ അര്‍നിയയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കന്നുകാലികള്‍ കൊല്ലപ്പെട്ടതായും പലതും പരുക്കുകള്‍ പറ്റി കിടപ്പുണ്ടെന്നും പല വീടുകളും കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഴിപ്പിച്ചവരില്‍ പലരും ബന്ധു വീടുകളിലേക്ക് പോയി, മറ്റു പലരേയും സ്‌കൂളുകളിലേക്ക് മാറ്റി. 5000-ത്തോളം കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം, ജമ്മുകശ്മീരിലെ സാംബാ ജില്ലയിലെ സാംബാ,രാംഗാര്‍ഹ് എന്നി സെക്ടറുകളില്‍ നിന്നും 3000 ജനങ്ങളെ കത്തുവ ജില്ലയിലെ ഹിരാനഗറിലേക്ക് മാറ്റി. അതിര്‍ത്തി പ്രദശങ്ങളിലെ പല നഗരങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കുകയാണ്. ബുധനാഴ്ച മുതലാണ് പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്.ആക്രമണത്തില്‍ ജമ്മുകശ്മീരിലെ ജമ്മു,സാംബ,കതുവ,റജൗറി,പൂഞ്ച് എന്നിവിടങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Top