കോണ്‍ഗ്രസിന് കനത്ത നഷ്ടം: പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസിന്റെ അതിപ്രധാനിയായി ഉമ്മന്‍ചാണ്ടി മാറി. 1970 ലെ നിയമസഭയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ റെക്കോര്‍ഡ് ഉമ്മന്‍ ചാണ്ടിക്കാണ്. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. ഒന്നിച്ചാണ് ഞങ്ങള്‍ സഭയില്‍ എത്തിയത്. വിവിധ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടി നല്ല രീതിയില്‍ കൈകാര്യം ചെയ്തു. മികച്ച ഭരണാധികാരി എന്ന് തെളിയിച്ചു. പാര്‍ട്ടിയെ എല്ലാ രീതിയിലും ശക്തി പ്പെടുത്താന്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കി. യുഡിഎഫ് മുന്നണിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മന്‍ചാണ്ടി മാറി. ഇതിനെല്ലാം പ്രത്യേക നേതൃവൈഭവം ഉണ്ടായിരുന്നു. രോഗത്തിന് മുന്നില്‍ ഒരു ഘട്ടത്തിലും തളരാതെ നിന്നു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും രോഗത്തിന് മുന്നില്‍ തളര്‍ന്നില്ല. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നടപ്പാക്കണം എന്ന വാശി ആയിരുന്നുവെന്നും പിണറായി പറഞ്ഞു.

വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ്. അതി കഠിനമായ രോഗാവസ്ഥയില്‍ പോലും കേരളത്തില്‍ ഓടിയെത്തുന്ന ഉമ്മന്‍ചാണ്ടിയെ ആണ് കാണാന്‍ കഴിഞ്ഞത്. അതായിരുന്നു ഉമ്മന്‍ചാണ്ടി. യുഡിഎഫിനും നഷ്ടമാണ്. ഉടനൊന്നും നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുള്ള സിന്ദാബാദ് വിളികളും സദസ്സില്‍ നിന്നും ഉയര്‍ന്നു. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ നിന്ന് പ്രവര്‍ത്തകരോട് നിശബ്ദരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിര്‍ത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്.

Top