ബസ് യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വന്‍ കൊള്ള

കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗലൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ അജ്ഞാത സംഘം കൊള്ളയടിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ചിന്നപട്ടണത്തു വെച്ചായിരുന്നു ആക്രമണം.

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ നാലുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് യാത്രക്കാരെ കൊള്ളയടിച്ചത്.

ബത്തേരി ഡിപ്പോയിലെ ബസാണ് കൊള്ളയടിക്കപ്പെട്ടത്.

ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തി. ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി പണം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങിച്ചെടുത്തു. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും മനസിലായില്ല.

ബഹളം കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഇറങ്ങിയോടി, തുടര്‍ന്ന് ഡ്രൈവര്‍ ബസ് ഛന്നപട്ടണ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കി.

Top