ഗാസയില്‍ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം

ജറുസലം: ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തില്‍ ഗാസ സിറ്റി തകരുന്നതിനിടെ, ശനിയാഴ്ച ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചു. വടക്കന്‍ ഇസ്രയേല്‍ പ്രദേശത്തുനിന്നു ഹമാസ് സംഘാംഗങ്ങളായ 1500 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും തിങ്കളാഴ്ചയ്ക്കു ശേഷം നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

ഗാസയിലെ വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായി വടക്കന്‍ ഇസ്രയേല്‍ നഗരമായ ആഷ്‌കലോണിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. നഗരം വിടാന്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ ശേഷമായിരുന്നു ആക്രമണം.

പലസ്തീന്‍ വീടുകള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ ഓരോ വട്ടം ബോംബാക്രമണം നടത്തുമ്പോഴും തടവിലുള്ള ഓരോ ഇസ്രയേല്‍ പൗരനെ വീതം കൊല്ലുമെന്നു ഹമാസ് ഭീഷണിയുയര്‍ത്തി. ഗാസയില്‍ 150ല്‍ ഏറെ ബന്ദികളുണ്ടെന്നാണു വിവരം.

Top