ജനജീവിതം ദുസ്സഹമായി കനത്ത മൂടല്‍മഞ്ഞ്; ശ്രീനഗറില്‍ താപനില മൈനസ് 3 ഡിഗ്രി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനജീവിതം ദുസ്സഹമായി കനത്ത മൂടല്‍മഞ്ഞ്. തിങ്കളാഴ്ച രാത്രി ശ്രീനഗറില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കുറവാണ് താപനില രേഖപ്പെടുത്തിയത്. രാവിലെ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പും കനത്ത മൂടല്‍ മഞ്ഞും ജനജീവിതം ദുഷ്‌കരമാക്കുകയാണ്. മഞ്ഞുമൂടി നില്‍ക്കുന്നതിനാല്‍ റോഡുകളിലെ കാഴ്ച അവ്യക്തമാകുന്നു. ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.

‘ഇന്നലെ ഞങ്ങള്‍ കാഴ്ചകള്‍ കാണാന്‍ പുറപ്പെട്ടപ്പോള്‍,ആകാശത്ത് ഒരു കനത്ത പുക നിറഞ്ഞു. ഞങ്ങള്‍ ഷാലിമാര്‍ ഗാര്‍ഡന്‍ ചുറ്റി ശങ്കരാചാര്യ ക്ഷേത്രത്തില്‍ (ശ്രീനഗര്‍) കയറിയപ്പോള്‍ മഞ്ഞ് മൂടാന്‍ തുടങ്ങി. ഞങ്ങള്‍ ആവേശത്തിലാണ്. ദാല്‍ തടാകത്തില്‍ ഒരു ഷിക്കാരാ റൈഡ് പ്ലാന്‍ ചെയ്തിട്ടുണ്ട്, പക്ഷെ അവിടെ മഞ്ഞ് കൂടുതലാണ്’, കാശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരി സൗരഭ് മിത്ര പറഞ്ഞു. ‘റോഡ് കാണണമെങ്കില്‍ എന്റെ സ്‌കൂട്ടറിലെ ഫ്‌ളാഷ്ലൈറ്റുകള്‍ ഓണാക്കണം. മഞ്ഞിലൂടെ വാഹനങ്ങള്‍ വരുന്നതോ പോകുന്നതോ കാണാന്‍ കഴിയില്ല’ -സ്‌കൂട്ടര്‍ യാത്രികനായ ജാവേദ് അഹമ്മദ് പറഞ്ഞു.

മധ്യ കാശ്മീര്‍, പുല്‍വാമ, ബാരാമുള്ള എന്നിവടങ്ങളില്‍ ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ വരണ്ട കാലാവസ്ഥയും മിതമായതും ഇടവിട്ടുള്ളതുമായ മൂടല്‍മഞ്ഞ് തുടരുമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ജനുവരി 1-2 വരെ മേഘാവൃതമായ ആകാശത്തോടൊപ്പം നേരിയ മഴയും മഞ്ഞും ഉണ്ടാകും. ഡിസംബര്‍ 21 മുതല്‍ ജനുവരി 29 വരെയുള്ള നാല്‍പതുദിവസം കഠിനമായ ശൈത്യകാലം അഥവാ കശ്മീരില്‍ നീണ്ടുനില്‍ക്കും.

Top