ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹി; താപനില താഴ്ന്നതോടെ ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂടൽ മഞ്ഞ് കനത്തത്. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽമഞ്ഞ് കാഴ്ചമറച്ചതോടെ വിമാന- ട്രെയിൻ ​ഗതാ​ഗതത്തെ ബാധിച്ചു.

ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ഡൽഹില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി. പുലർച്ചെ 4.30 ന് ദില്ലി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലർട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. കൂടാതെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളാണ് വൈകുന്നത്.

പഞ്ചാബിലേയും ഗാസിയാബാദിലേയും സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തി. പഞ്ചാബിലെ എല്ലാ സ്‌കൂളുകളും ഇന്നു മുതൽ ജനുവരി 21 വരെ 10 മണിക്കായിരിക്കും സ്‌കൂളുകൾ തുറക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. നോയിഡയിൽ രാത്രി ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അപകടം പതിവായതിനെ തുടർന്നാണ് ബസ് സർവീസുകൾക്ക് രാത്രി 9 മുതൽ രാവിലെ 7 വരെ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹിയിലെ താപനില വീണ്ടും താന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ താപനില 6.3 ഡിഗ്രി സെൽഷ്യസ് ആയേക്കും.

Top