ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ; വിമാനങ്ങളും ട്രെയിനുകളും വൈകി

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങള്‍ വൈകുകയും 17 വിമാനങ്ങള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായി.

ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാനും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, മൂടല്‍മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

രാവിലെ 8.40 ന് പുറപ്പെടേണ്ട വിമാനം 10.40 ലേക്ക് പുനഃക്രമീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും നിലവില്‍ സാധാരണമാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top