മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടിയവര്‍ക്ക് കനത്ത പ്രഹരം

രു നുണ പലയാവര്‍ത്തി പറഞ്ഞാല്‍ അത് സത്യമാക്കാമെന്നതാണ് ഗീബല്‍സിയന്‍ സിദ്ധാന്തം. ഈ സിദ്ധാന്തമാണ് സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷവും പയറ്റിയിരുന്നത്. സ്വപ്നയിലൂടെയും ശിവശങ്കറിലൂടെയും അവര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമായിരുന്നു. എന്തിനേറെ മരുമകന്‍ കൂടിയായ ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ റിയാസിനെ പോലും പ്രതിപക്ഷം വെറുതെ വിട്ടിരുന്നില്ല. ഈ നുണ പ്രചരണങ്ങളാണ് സ്വപ്നയുടെ മൊഴിയോടെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്ന നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്.

”മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് വ്യക്തിപരമായ ഒരു അടുപ്പവുമില്ലെന്നാണ് ‘ സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ചോദ്യത്തിനും ‘ഇല്ല’ എന്ന മറുപടിയാണ് സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ഔദ്യോഗികബന്ധം മാത്രമായിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗികമായ കൂടിക്കാഴ്ചകള്‍ മാത്രമെ മുഖ്യമന്ത്രിയുമായി ഉണ്ടായിട്ടുള്ളൂ എന്നും കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് താനും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

ഷാര്‍ജ സുല്‍ത്താന്റെ വരവുമായി ബന്ധപ്പെട്ട് 2018-ലാണ് മുഖ്യമന്ത്രിയെ കണ്ടിരുന്നത്. ആ സമയത്ത് ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ തന്നോട് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നതായും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതെന്നാണ് അവര്‍ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്തില്‍ കൂട്ടി കെട്ടാനുള്ള പ്രതിപക്ഷ നീക്കമാണ് ഈ മൊഴിയോടെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ശിവശങ്കര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിച്ച് കൊള്ളണം എന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് അദ്ദേഹം ഇപ്പോഴും അന്വേഷണത്തെ തള്ളി പറയാതിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികളെ പോലും അത്ഭുതപ്പെടുത്തിയ നിലപാടാണിത്. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകള്‍ ഇത്തരം ഘട്ടങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നേരിടാറുണ്ട്. ബംഗാളില്‍ ഐ.പി.എസുകാരനെ ചോദ്യം ചെയ്യാന്‍ എത്തിയ സി.ബി.ഐ സംഘത്തെയാണ് മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേരളത്തില്‍ ഐ.എ.എസുകാരനായ ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ അത്തരമൊരു തടസ്സവും കേന്ദ്ര സംഘത്തിന് നേരിടേണ്ടി വന്നിട്ടില്ല. സെക്രട്ടറിയേറ്റില്‍ വരെ കയറാനുള്ള അധികാരമാണ് പിണറായി സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് കൊടുത്തിരിക്കുന്നത്.

അതേസമയം ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര സഹമന്ത്രി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാറിനെ കടന്നാക്രമിച്ചിരുന്നത്. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തെ മുഖ്യമന്ത്രിയുടെ ഇടപെടലായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചിത്രീകരിക്കുകയുണ്ടായി. അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയും സ്വപ്നയും തമ്മില്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനെയും കടത്തിവെട്ടുന്നതായിരുന്നു ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ മകള്‍ക്കും മരുമകനും ഫര്‍ണിച്ചര്‍ വിവാഹ സമ്മാനമായി നല്‍കിയത് സ്വപ്നയാണെന്നായിരുന്നു സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നത്. ഇവരെ സ്വപ്നക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവും ബി.ജെ.പി വക്താവ് ഉന്നയിക്കുകയുണ്ടായി. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പില്‍ നിയമിച്ചത് മകളുടെ സ്വാധീനം കാരണമാണെന്നാണ് കോണ്‍ഗ്രസ്സ് എം.പി ബെന്നി ബെഹനാന്‍ ആരോപിച്ചിരുന്നത്.സ്വപ്ന പലവട്ടം ക്ലിഫ് ഹാസ് സന്ദര്‍ശിച്ചുവെന്നും മകളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ചെന്നിത്തല അടക്കമുള്ള മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളും രംഗത്ത് വന്നിരുന്നു.

ഇതിനിടെ മറ്റൊരു അപവാദ പ്രചരണവും മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വപ്ന സുരേഷ് പങ്കെടുത്തു എന്ന തരത്തില്‍, വ്യാജ ഫോട്ടോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവമാണുണ്ടായത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ആയിരുന്നു ഇതിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നത്. ക്ലിഫ്ഹൗസില്‍ വച്ചു നടന്ന വിവാഹത്തില്‍ മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്‍ത്ത് പ്രചരിപ്പിച്ചിരുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ വ്യാജ ഫോട്ടോ വ്യാപകമായി ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമാണ് പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ പൊലീസ് കേസെടുക്കുന്ന സാഹചര്യം വരെ പിന്നീടുണ്ടായി.

രാഷ്ട്രീയ പകയില്‍ നിന്നുയര്‍ന്ന ഇത്തരം കുപ്രചരണങ്ങളുടെയെല്ലാം മുനയാണ് സ്വപ്നയുടെ മൊഴിയോടെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ ചര്‍ച്ചയാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടിയ മാധ്യമങ്ങള്‍ക്കും ഇത് വലിയ പ്രഹരം തന്നെയാണ്. ‘ചുവപ്പ് കണ്ട കാളയുടെ പകയോടെയാണ് ‘ കുത്തക മാധ്യമങ്ങള്‍ മത്സരിച്ച് സര്‍ക്കാറിനെ വേട്ടയാടിയത്.

ഇതു സംബന്ധമായി അന്തി ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെയാണ് ചാനലുകളില്‍ അരങ്ങേറിയിരുന്നത്. സ്വപ്നയുടെ മൊഴിയിലൂടെ യാഥാര്‍ത്ഥ്യം പുറത്ത് വരുന്ന ഈ ഘട്ടത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടത് മാധ്യമങ്ങള്‍ കൂടിയാണ്. തെളിവുകള്‍ ഇല്ലാതെ ആരെയും വേട്ടയാടാന്‍ ശ്രമിക്കരുത്. അത് തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്കും താങ്ങാന്‍ പറ്റിയെന്ന് വരില്ല. വിശ്വാസ്യത അത് മാധ്യമങ്ങള്‍ക്കും നിര്‍ബന്ധമാണ.്

Top