ആശുപത്രിയില്‍ അക്രമം; പാക്കിസ്ഥാനിലെ ഏറ്റവും ഭാരംകൂടിയ വ്യക്തി ചികിത്സ ലഭിക്കാതെ മരിച്ചു

ലാഹോര്‍: ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയവെ പാക്കിസ്ഥാനിലെ 330 കിലോ ഭാരമുള്ള പൗരന്‍ മരിച്ചു.നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട നൂറുല്‍ ഹുസൈന്‍ ആശുപത്രിയില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 28നാണ് സിദ്ദീഖാബാദ് സ്വദേശിയായ നൂറുല്‍ ഹുസൈന്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് ലാഹോറില്‍ എത്തിച്ചത്. എന്നാല്‍ ശാസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലേക്ക് മാറ്റിയതിന് ശേഷം ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ഇതുകാരണം നൂറുല്‍ ഹുസൈന്‍ ഐ.സി.യുവില്‍ തനിച്ചായി. ഈ സമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐ.സി.യുവില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗിയും ചികിത്സ ലഭിക്കാതെ മരിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ അക്രമം നടത്തിയവര്‍ ഐ.സി.യുവിലെ ചില്ലുകളും വെന്റിലേറ്ററുകളും തകര്‍ക്കുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ ഐ.സി.യുവില്‍ രോഗികള്‍ തനിച്ചാവുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top