സംസ്ഥാനത്ത് ചൂട് കനക്കും; നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം, ഒമ്പത് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം,

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് ചൂട് കനക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി വരെ താപനില കൂടാനും സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 5 വരെ കൂടുതല്‍ ആണിത്.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 – 4 ഡിഗ്രി കൂടുതലാണിത്. വരും ദിവസങ്ങളിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നല്‍കുന്ന സൂചനകള്‍. ഈ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കിയത്.

നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണം.

പുറം ജോലിക്കാര്‍ നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. പുറം ജോലിക്കാര്‍ നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തണം. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള സമയവും അനുവദിക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

Top