തിളച്ചുമറിയുന്ന കടൽ, ചുട്ടുപൊള്ളുന്ന ഭൂമി, സകല ജീവജാലങ്ങളും ഭീതിയിൽ . . .

ടലിലെ വെള്ളം പോലും ചുട്ടു പൊള്ളുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയില്‍ കത്തിയമരുകയാണ് ഇന്ന് ലോകം. കടലു ചൂടു പിടിക്കുമ്പോള്‍ ന്യൂനമര്‍ദ്ദമുണ്ടായി മഴപെയ്യുമെന്ന് പഴയ കീഴ് വഴക്കങ്ങളെല്ലാം പ്രകൃതി മാറ്റിക്കഴിഞ്ഞു. വേനലില്‍ 26 ഡിഗ്രി മാത്രം ചൂടുപിടിക്കാറുള്ള കടല്‍ 30 ഡിഗ്രി വരെ ആയിട്ടും ഇതുവരെ മഴപെയ്യാത്തത് സര്‍വ്വ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. കേരളത്തിലെ ജില്ലകളില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞദിവസം ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. എന്നാല്‍, അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല.

കാര്യമായ ശുദ്ധജലക്ഷാമം അനുഭവപ്പെടാത്തത് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട് പ്രളയത്തിനു പിന്നാലെ വരള്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലില്‍ ജല ഉപയോഗത്തില്‍ പലയിടത്തും സ്വയം നിയന്ത്രണം പാലിക്കുന്നുന്നതാണ് ഇതിന് കാരണം. കാലാവസ്ഥാ വ്യതിയാനം ഒരുപാട് പറഞ്ഞു പഴകിയതാണെങ്കിലും അതിന്റെ പ്രത്യാഘാതം ഇത്ര ഭയാനകമായി കേരളത്തിലടക്കം അനുഭവത്തില്‍ വരുന്നത് ഇപ്പോഴാണ്. പ്രളയത്തോടെ വലിയ ദുരന്തങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഡിസംബര്‍-ജനുവരിയില്‍ തണുത്തു വിറച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കൊടുംചൂടില്‍ വെന്തുരുകുന്നത്.

ആഗോള തലത്തില്‍, ആക്യരാഷ്ട്രസഭാ സമ്മേളനത്തിലും ആഗോള സാമ്പത്തിക ഫോറത്തിലും എല്ലാം പ്രധാന ചര്‍ച്ചാ വിഷയമായത് ലോകം നേരിടുന്ന കാലസാവസ്ഥാ വ്യതിയാനം തന്നെയാണ്. ഇന്ത്യ ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്നതും ഇതേ കാരണം കൊണ്ടാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യയ്ക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കാലാവസ്ഥാ ദുരന്തങ്ങളില്‍ 1998 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ സാമ്പത്തിക നഷ്ടം 151 ശതമാനം വര്‍ദ്ധിച്ചു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2.908 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഈ കാലഘട്ടത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം. 98ന് മുന്‍പുള്ള രണ്ട് ദശാബ്ദക്കാലത്തിനേക്കാള്‍ ഇരട്ടിയാണ് ഈ നഷ്ടം. ലോകരാജ്യങ്ങളുടെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ 77 ശതമാനമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നത്.

കഴിഞ്ഞ മഴക്കാലത്ത് കേരളം അനുഭവിച്ച ദുരിതം മാത്രം മതി ഓരോ പ്രകൃതി ദുരന്തങ്ങളുടെയും തീവ്രത സ്വയം മനസ്സിലാക്കാന്‍. 36 വര്‍ഷക്കാലത്തിനിടെ രാജ്യം കടന്നു പോയ ഏറ്റവും മോശം കാലാവസ്ഥയാണ് 2018ല്‍ ജപ്പാനില്‍ ഉണ്ടായത്. ഇരുന്നൂറിലധികം ആളുകള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ഇവിടെ ജീവന്‍ നഷ്ടമായി. കാലാവസ്ഥയിലെ മാറ്റങ്ങളെ നേരിടാന്‍ സദാ സന്നദ്ധമായൊരു രാജ്യത്ത് ഇത്രയേറെ മരണങ്ങള്‍ ഉണ്ടായത് സാഹചര്യം എത്ര കലുഷിതമാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് ആവര്‍ത്തിച്ച് പറയേണ്ടി വന്നു.

ലോസ് ആഞ്ചല്‍സില്‍ 48.9 ഡിഗ്രി സെല്‍ഷെസാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. മനുഷ്യ ചരിത്രത്തില്‍ എങ്ങും രേഖപ്പെടുത്തിയിട്ടില്ലാത്ത ഭീകരതയാണിത്. ധ്രുവപ്രദേശങ്ങള്‍ ഉരുകാന്‍ നിലവിലെ ചൂട് തന്നെ ധാരാളമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 50 ബില്യണ്‍ ടണ്‍ മഞ്ഞാണ് ഓരോ വര്‍ഷവും ഉരുകി ഇല്ലാതാകുന്നത്. വെറും രണ്ട് ഡിഗ്രി കൂടി ഭൂമിയിലെ താപനില പ്രത്യേക സമയത്തേക്ക് ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ആര്‍ട്ടിക്-അന്റാര്‍ട്ടിക് മഞ്ഞു പാളികള്‍ ഉരുകിത്തുടങ്ങുമെന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്.

1880ന് മുന്‍പുള്ള പ്രകൃതിയേക്കാള്‍ 1 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് രണ്ട് ഡിഗ്രി കൂടി ഉയര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലം. 1.5 ഡിഗ്രിയില്‍ നിര്‍ത്താനായാല്‍ വലിയ അപകടം ഒഴിവാക്കാം. എന്നാല്‍, ഇപ്പോള്‍ ആഗോളവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന വ്യവസായശാലകളും അതുവഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയ ഭീഷണി തന്നെയായി നിലനില്‍ക്കുന്നു. അന്തരീക്ഷ താപനില ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 മുതല്‍ 5 ശതമാനം വരെ ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം.

കാലാവസ്ഥാ വ്യതിയാനം വന്യജീവി സമ്പത്തിനെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. 1970 മുതല്‍ 60 ശതമാനം ഇടിവാണ് വന്യജീവികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 570 തീരദേശ നഗരങ്ങളിലായി 800 മില്യണ്‍ ആളുകളാണ് സമുദ്രനിരപ്പ് ഭയന്ന് ജീവിക്കുന്നത്. 39 മില്യണ്‍ ആളുകളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നത്.

അന്തരീക്ഷത്തില്‍ അല്പം ചൂട് കൂടുന്നത് മാത്രമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റി. ആഗോള സാമ്പത്തിക, സാമൂഹ്യ, സാംസ്‌ക്കാരികാ മണ്ഡലങ്ങളെയും നിലനില്‍പ്പിനെയും അത് ഇല്ലാതാക്കുന്നുണ്ട്. വ്യവസായ വല്‍ക്കരണവും അതിനെ ത്വരിതപ്പെടുത്താന്‍ മനപ്പൂര്‍വ്വം നടത്തുന്ന വനനശീകരണങ്ങളും മാനവരാശിയുടെ അടിവേരാണ് ഇളക്കുന്നത്.

പലയിടത്തും സംഘടിതമായി കാടിനു തീവയ്ക്കുന്നതും വന്യമൃഗശല്യം കുറയ്ക്കാന്‍ കാടിനു തീയിടുന്ന രീതിയും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സൂര്യനില്‍ നിന്നുള്ള വിവിധ രശ്മികളില്‍ ഏറ്റവും തീവ്രതയും വേഗവും കൂടിയവ മരങ്ങള്‍ തടയുന്നു. ഈ സംവിധാനം ഇല്ലാതാകുന്നതിന്റെ അപകടം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തീവ്രതയും ഊര്‍ജവും കൂടിയ ഇതര രശ്മികളെ വലിച്ചെടുത്തു ബാഷ്പീകരിച്ചു ഈര്‍പ്പം ഉണ്ടാക്കുന്ന ഇടങ്ങളാണ് വനങ്ങള്‍. പച്ചപ്പിനെ വീണ്ടും തിരികെ കൊണ്ടു വരണം എന്നു തന്നെയാണ് രാജ്യാന്തര സമ്മേളനങ്ങളില്‍ എല്ലാ രാഷ്ട്രത്തലവന്മാരും ആവര്‍ത്തിക്കുന്നത്. ഇതിന് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ പ്രതിനിധി സുഷമാസ്വരാജ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്.

Top