ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തടസമില്ലാതെ ​വൈദ്യുതി നല്‍കണമെന്ന് കേന്ദ്രം

ഡൽഹി: രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത ​വൈദ്യുതി നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് വേണ്ട മുൻകരുതൽ എടുക്കാൻ നിർദേശം നൽകിയത്. കൽക്കരി ക്ഷാമത്തെതുടർന്ന് രാജ്യം നേരിടുന്ന ഗു​രുതര വൈദ്യൂതി ​പ്രതിസന്ധി പരിഹരിക്കാതെ സംസ്ഥാനങ്ങളോട് മുടങ്ങാതെ വിതരണം ചെയ്യണമെന്നാണ് കേന്ദ്രം പറയുന്നത്.

വരുന്ന മൂന്ന് നാല് ദിവസങ്ങളിൽ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അറിയിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

ജാഗ്രതാ നിർദേശങ്ങൾ ജില്ലാതലത്തിൽ ദിവസേന നൽകണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട ദേശീയ പ്രവർത്തന പദ്ധതിയിൽ കേന്ദ്രീകരിച്ചാണ് സംസ്ഥാനങ്ങൾ നടപടികൾ എടുക്കേണ്ടതെന്നും അത് ജില്ലാ തലത്തിൽ എത്തിക്കണമെന്നും ആരോഗ്യ സെക്രട്ടറി അയച്ച കത്തിൽ പറയുന്നു.

Top