39 ഡിഗ്രി വരെ ചൂട്; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്, വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ ചൂടില്‍ നിന്ന് നേരിയ ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന്‌ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

Top