ആറ് ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദ്യം പദ്ധതിയിലൂടെ ചികിത്സ നല്‍കിയെന്ന്. . .

kk-shailajaaaa

കൊച്ചി: ആറ് ദിവസം പ്രായമായ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ ഉറപ്പാക്കിയിരിക്കുന്നത്. കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട് സ്വദേശിയായ ആറ് ദിവസം പ്രായമുള്ള കുഞ്ഞിന് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ചികിത്സ ഉറപ്പാക്കുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കി. ടി.എ.പി.വി.സി. (ടോട്ടല്‍ അനോമുലസ് പള്‍മണറി വീനസ് കണക്ഷന്‍) എന്ന ഗുരുതര ഹൃദ്രോഗമാണ് കുട്ടിയ്ക്കുള്ളത്. ശ്വാസകോശത്തില്‍ നിന്നും ഓക്സിജനുള്ള രക്തത്തെ ഹൃദയത്തിന്റെ ഇടതുവശത്തേയ്ക്ക് കൊണ്ടു വരികയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതിന് പകരം രക്തം ഹൃദയത്തിന്റെ വലതു വശത്തേയ്ക്ക് വരികയും ഓക്സിജന്‍ കുറവുള്ള രക്തവുമായി കലരുന്നതുമൂലം കുഞ്ഞിന് ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ശസ്ത്രക്രിയ ചെയ്യേണ്ട ഗുരുതര ഹൃദ്രോഗമാണ്. ഇതിന്റെ കൂടെ മറ്റുചില അസുഖങ്ങള്‍ കൂടിയുണ്ട് കുട്ടിയ്ക്ക്. അതിനാലാണ് ആദ്യത്തെ ദിവസത്തില്‍ ഇത് പ്രത്യക്ഷമാകാത്തത്. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിശദ പരിശോധനയില്‍ രോഗം കണ്ടെത്തുകയും അതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ സര്‍ജറിക്ക് സൗകര്യമുള്ള തിരുവല്ല ബിലീവിയേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലേക്ക് ഇന്ന് രാവിലെ മാറ്റി.

ഹൃദ്യം പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ തിരുവല്ല ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളേജിമാത്രമാണ് ഓപ്പറേഷന്‍ തീയറ്റര്‍ ഒഴിവുള്ളത് അതുകൊണ്ടാണ് അടിയന്തരമായി ശാസ്ത്രക്രിയ ചെയ്യാന്‍ കുട്ടിയെ അവിടേക്ക് കൊണ്ടു വന്നത്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഒപ്പമുണ്ട്

Top