വാഹനം ഓടിക്കുന്നതിനിടെ അച്ഛന് ഹൃദയാഘാതം; വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് പത്ത് വയസ്സുകാരന്‍

ബംഗളൂരു: അച്ഛന് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായപ്പോള്‍ പതാറാതെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പത്തു വയസ്‌കാരന്‍. കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം നടന്നത്.

പ്രഷര്‍ കുക്കറുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലെത്തിക്കുന്ന ഗൂഡ്സ് കാരിയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ശിവകുമാറിനാണ് വാഹനമോടിക്കുന്നതിനെ ഹൃദയാഘാതമുണ്ടായത്.ലോഡുമായി വില്‍പ്പന കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ച ശിവകുമാറിന് 97 കിലോമീറ്ററോളം വാഹനമോടിച്ചശേഷം പെട്ടന്ന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആ സമയം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന മകന്‍ പുനീര്‍ത്ഥ് മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവകുമാറിന്റെ മൂത്തമകനായ പുനീര്‍ത്ഥ്. വേനലവധി ആയതിനാല്‍ ശിവകുമാര്‍ മകനെയും ഒപ്പം കൂട്ടുകയായിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന നരസിംഹരാജുവാണ് പുനീര്‍ത്ഥിന്റെ സഹോദരന്‍.ദുര്‍ഗഡഹള്ളി സ്വദേശിയായ ഭാര്യ മുനിരത്നമ്മ ഗാര്‍മെന്റ് കമ്പനിയിലെ തൊഴിലാളിയാണ്. മുനിരത്നമ്മയുടെ അമ്മയ്‌ക്കൊപ്പം അല്ലസാന്ദ്രയിലാണ് കുടുംബം താമസിക്കുന്നത്.

അച്ഛന് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട സമയത്ത് സമയോചിതമായി ഇടപെട്ട് വാഹനം വഴിയരികില്‍ ഒതുക്കി വന്‍ അപകടം ഒഴിവാക്കിയ പുനീര്‍ത്ഥിനെ ഹുള്ളിയാരു പൊലീസ് അഭിനന്ദിച്ചു.

Top