‘ഹൃദയത്തിന് അത്യുത്തമം’;ഗാംഗുലി അഭിനയിച്ച പാചക എണ്ണയുടെ പരസ്യം പിന്‍വലിച്ചു

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിച്ചു. ഗാംഗുലിയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെയാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ കുക്കിംഗ് ഓയിലിന്റെ എല്ലാ പരസ്യങ്ങളും അദാനി വില്‍മര്‍ നിര്‍ത്തിവെച്ചത്.

ഹൃദയത്തെ ആരോഗ്യമായി സൂക്ഷിക്കാന്‍ ഉത്തമം എന്ന് അവകാശപ്പെടുന്നതായിരുന്നു ഫോര്‍ച്യൂണിന്റെ പരസ്യം. എന്നാല്‍ ഗാംഗുലിക്ക് ഹൃദയാഘാതം വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരസ്യം പിന്‍വലിച്ചത്.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ആഞ്ചിയോപ്ലാസ്റ്റി സര്‍ജ്ജറിയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Top