‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ ഒടിടിയിലും വേണം; കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡൽഹി: സിനിമകള്‍ തീയറ്ററില്‍ തുടങ്ങും മുന്‍പ് കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഐടി മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും വിവരം തേടിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിലവില്‍ ഇന്ത്യയില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരായ ടൈറ്റിലുകളും, മുപ്പത് സെക്കന്‍റ് കുറയാത്ത പരസ്യവും നല്‍കാറുണ്ട്. ഇവ ഒടിടി പ്ലാറ്റ്ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം.

ഒടിടി പ്ലാറ്റ്ഫോം അഭിപ്രായങ്ങളും, ഐടി മന്ത്രാലയത്തിന്‍റെ നിലപാടുകളും ഇത് നടപ്പിലാക്കാന്‍ നിര്‍ണ്ണായകമാണ്. ഇപ്പോള്‍ ടിവികളില്‍ സിനിമ കാണിക്കുന്ന സമയങ്ങളില്‍ ഇത്തരം പുകയില വിരുദ്ധ മുന്നറിയിപ്പും, പരസ്യവും നല്‍കുന്നുണ്ട്. അതേ രീതി തന്നെയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലും വേണ്ടത് എന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഒടിടി പ്ലാറ്റ്ഫോമിലെ സീരിസുകള്‍ അടക്കമുള്ളവയ്ക്ക് ഇത് ബാധകമാകുമോ എന്നത് കാത്തിരുന്നു കണേണ്ടി വരും.

Top