രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ല; കൊവിഡ് രോഗബാധിതരുടെ എണ്ണം 1071, മരണം 29

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. സമൂഹ വ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയി ഉയര്‍ന്നു.

‘നാമെല്ലാവരും സാമൂഹിക അകലം പാലിക്കണം; ഒരാളുടെ അശ്രദ്ധപോലും കൊറോണ വൈറസ് പാന്‍ഡെമിക് പടരാന്‍ ഇടയാക്കും,” ലവ് അഗര്‍വാള്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ച സംഭവിച്ചാല്‍ കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇതുവരെ രാജ്യത്ത് 38,442 കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ഞായറാഴ്ച 3,501 പേരുടെ സ്രവ പരിശോധന നടത്തിയെന്നും എണ്ണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഉദ്യോഗസ്ഥന്‍ ഡോ. രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സ്വകാര്യ ലാബുകളില്‍ 1,334 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആറില്‍ നിന്നുള്ള ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

Top