സംസ്ഥാന-ജില്ലാതലത്തില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മാനസികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഇതിന്റെ ചുമതല. മാനസികാരോഗ്യ സംരക്ഷണ നിയമം 2017 നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പുറത്തു നിന്നുള്ള മാനസികാരോഗ്യ രംഗത്തെ വിദഗ്ധരും കൂടിച്ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക.

ജില്ലാ തലത്തില്‍ നിയമത്തിന്റെ ഏതെങ്കിലും വകുപ്പുകള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് ശക്തമായി പരിശോധിക്കും. വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി സംസ്ഥാനതലത്തില്‍ ഫണ്ടും പ്രത്യേക ബോര്‍ഡും രൂപീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

2017ലെ നിയമമനുസരിച്ച് ശാരീരിക പ്രശ്‌നങ്ങളെപ്പോലെ തന്നെ മാനസിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. മാനസിക പ്രശ്‌നമുള്ള ഒരു വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ അത് കുറ്റകരമല്ല. അനധികൃതമായി വൈദ്യുത ഷോക്ക് നല്‍കുന്നതും പുതിയ നിയമപ്രകാരം അനുവദനീയമല്ല.

Top