ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദർശനം: പിന്നാലെ ആറ് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാരണം കാണിക്കൽ നോട്ടീസ്. ആരോഗ്യ മന്ത്രിയുടെ ആശുപത്രി സന്ദർശന സമയത്ത് ഡ്യൂട്ടിയിലില്ലാത്തവർ കാരണം കാണിക്കണമെന്നാണ് ആവശ്യം. മന്ത്രിയുടെ സന്ദർശന വേളയിൽ മൂന്ന് ഡോക്ടർമാർ മാത്രമേ ഒ പിയിൽ ഉണ്ടായിരുന്നുള്ളൂവെന്നാണ് സൂപ്രണ്ട് പറയുന്നത്. എന്നാൽ എട്ട് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്നാണ് കെജിഎംഒഎയുടെ അവകാശവാദം.

ഡോക്ടർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യമന്ത്രി ഡോക്ടർമാരെ കുറ്റക്കാരാക്കുന്നു എന്നാണ് കെ.ജിഎംഒഎയുടെ ആരോപണം. തിരുവല്ലയിൽ മന്ത്രി നടത്തിയത് ജനക്കൂട്ട വിചാരണയാണെന്നും ആരോഗ്യമന്ത്രിയുടെ പ്രവൃത്തി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണെന്നും കെ.ജിഎംഒഎ കുറ്റപ്പെടുത്തിയിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. ആ സമയത്ത് രണ്ട് ഒ.പികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി സൂപ്രണ്ട് അജയ് മോഹനെ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനെ മന്ത്രി പൊതുജനങ്ങൾക്കിടയിൽ വെച്ച് അവഹേളിച്ചെന്നാരോപിച്ച് കെഎജിഎംഒയെ ഇന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിക്കും.

Top