ആരോഗ്യമന്ത്രി അവതരിപ്പിച്ച ബില്ല് ഭരണഘടനാ വിരുദ്ധം; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അവതരിപ്പിച്ച ആദ്യ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്യൂ കുഴല്‍നാടന്‍. പുതിയ മന്ത്രിസഭയിലെ ആദ്യബില്ലാണിത്. 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ലാണ് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞത്.

പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ല് യഥാര്‍ത്ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ‘The Epidemic Disease Act 1897’ എന്ന നിയമം 22-04-2020 മുതല്‍ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയ സാഹചര്യത്തില്‍ മേല്‍ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തില്‍ ഉള്‍ക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ നിയമം നിലനില്‍ക്കെ അതേ വിഷയത്തില്‍ വ്യത്യസ്തമായ രീതിയില്‍ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ല എന്ന് ഭരണഘടനയുടെ 254 ആം അനുച്ഛേദത്തില്‍ അനുശാസിക്കുന്നതാണ്. 254ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ഇന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

ഒരേ വിഷയത്തില്‍ രണ്ട് നിയമവും രണ്ട് ശിക്ഷയും നിര്‍ദ്ദേശിക്കപ്പെട്ടാല്‍ ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്‌നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കര്‍ ബില്ലിന് അനുമതി നല്‍കുകയാണ് ഉണ്ടായത്. ആദ്യ ഇടപെടല്‍ നല്ല ഒരനുഭവമായിരുന്നു എന്നും മാത്യൂ കുഴല്‍നാടാന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

Top