രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; അവലോകന യോഗം വിളിച്ച് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ

ഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച യോഗം ഇന്ന് ചേരും. കൊവിഡ് വകഭേദം ജെഎന്‍ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാനങ്ങളിലെ സാഹചര്യം യോഗം കൃത്യമായി വിലയിരുത്തും. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത വേണം എന്ന നിര്‍ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്നലെ അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് നിലവില്‍ 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികള്‍.

Top