ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിക്കും. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അറിയാനാണ് മന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തുന്നത്.

ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ ഇന്നലെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മക്കളും കുടുംബവും പറയുന്നത്. പനി മാറിയശേഷം ബംഗളൂരുവില്‍ തുടര്‍ ചികിത്സയ്ക്ക് കൊണ്ടുപോകാനാണ് കുടുംബം ആലോചിക്കുന്നത്.

Top