‘വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി’;പോളിന് ചികിത്സ വൈകിയെന്ന പരാതിയില്‍ വീണാ ജോര്‍ജ്

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ട വിഎസ്എസ് ജീവനക്കാരന്‍ പോളിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനന്തവാടി ആശുപത്രിയില്‍ സാധ്യമായ എല്ലാ ചികില്‍സയും നല്‍കിയിരുന്നു.വിവരം അറിഞ്ഞ ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വാരിയെല്ലിന് നിരവധി ഒടിവുകള്‍ സംഭവിച്ചിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജറി സാധ്യമാണോ എന്ന് നോക്കിയിരുന്നു. ലിവര്‍ ബ്ലീഡിങ്ങ് ഉണ്ടോ എന്ന് അറിയാനാണ് സി ടി സ്‌കാന്‍ നടത്തിയത്. ബ്ലീഡിങ്ങ് ഉണ്ടായിരുന്നെങ്കില്‍ സര്‍ജറി നടത്താനാണ് തീരുമാനിച്ചിരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജേഷിനെ താന്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. ഡോക്ടര്‍ രാജേഷ് ഉടന്‍ തന്നെ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കി. സര്‍ജറി ആവശ്യമാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ തന്നെ അറിയിച്ചിരുന്നു. വീണ്ടും സിടി സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറി ഇപ്പോള്‍ വേണ്ട എന്നാണ് മാനന്തവാടിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

പെട്ടെന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്ത് വേണം എന്നുള്ളത് ഡോക്ടര്‍മാരാണ് നിശ്ചയിക്കുന്നത്. ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായത്തിനാണ് പ്രധാന്യം. മാനന്തവാടി ആശുപത്രിയില്‍ എല്ലാ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. അവര്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു തീയറ്റര്‍ ഒഴിച്ചിട്ടിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മാനന്തവാടി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ഓരോ നിമിഷവും ആശയവിനിമയം നടത്തിയിരുന്നു. നിര്‍ഭാഗ്യകരം ആയിട്ടുള്ള സംഭവമാണ് ഉണ്ടായതെന്നും ബാക്കിയുള്ള കാര്യങ്ങളെല്ലാം വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.മാനന്തവാടിയില്‍ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാന്‍ വൈകിയെന്നും മകള്‍ സോന ആരോപിച്ചിരുന്നു. വേണ്ട ചികിത്സ നല്‍കാന്‍ സൗകര്യമില്ലെങ്കില്‍ രോഗിയെ അവിടെ തന്നെ കിടത്തരുതെന്നും മകള്‍ പറഞ്ഞിരുന്നു.

Top