കളമശ്ശേരി സ്‌ഫോടനം; പരിക്കേറ്റത് 52 പേര്‍ക്ക്, 3 പേരുടെ നില അതീവ ഗുരുതരം, ഇവരില്‍ രണ്ടു പേര്‍ വെന്റിലേറ്ററില്‍

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ പുറത്തു വിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിക്കേറ്റ 52 പേരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ രണ്ടു പേര്‍ വെന്റിലേറ്ററിലാണ്. മൂന്നിടങ്ങളിലായി 30 പേരാണ് ചികിത്സയിലുള്ളത്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

തീവ്ര പരിചരണ വിഭാഗത്തിലുള്ള 18 പേരില്‍ ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള 12 വയസുകാരിയുടെ നില അതീവ ഗുരുതരമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സ്ഫോടനത്തില്‍ പല കുഞ്ഞുങ്ങള്‍ക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാല്‍ ഇതിനുള്ള കൗണ്‍സിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം ചേരുക.

Top