നിയമന കോഴ കേസ്; അന്വേഷണം പൂര്‍ത്തിയായ ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊച്ചി: നിയമന കോഴ ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിന്നില്‍ സര്‍ക്കാരിനെതിരെ കള്ളക്കഥ മെനയുന്നവര്‍. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നിയമനത്തട്ടിപ്പ് വിവാദത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍, ഇപ്പോള്‍ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെ. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവര്‍ ആദ്യം പ്രതികരിക്കട്ടേ. സര്‍ക്കാരിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ ആരോപണം.

വിഷയത്തില്‍ അന്വേഷണം നടക്കട്ടെ. പൊലീസ് എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് ഒരു പ്രവര്‍ത്തന രീതിയുണ്ട്. അത് അഴിമതി വിരുദ്ധമാണ്. സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ മെനയുന്നവരുണ്ട്. അതിന്റെ ഭാഗമാണ് ഇതുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിച്ച ഹരിദാസിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇതേക്കുറിച്ചറിയാനാകും വിശദമായ ചോദ്യം ചെയ്യല്‍.

ഹരിദാസനെ തല്‍ക്കാലം പ്രതി ചേര്‍ക്കാതെ രഹസ്യമൊഴി രേഖപ്പെടുത്തി ഗൂഢാലോചന അന്വേഷിക്കാനാണ് നീക്കം. സുഹൃത്തായ ബാസിത്ത് നിര്‍ദ്ദേശിച്ച പ്രകാരമാണ് മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്നാണ് ഹരിദാസന്റെ മൊഴി. മറ്റ് ചിലരുടെ പേരുകളും ഹരിദാസന്റെ മൊഴികളിലുണ്ട്. ബാസിത്തിനെയും മറ്റൊരു പ്രതി ലെനിന്‍ രാജിനെയും കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടരുകയാണ്.

Top