വയനാട്ടിൽ നോറോവൈറസ്, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വയനാട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വ്യാപനത്തോത് കൂടിയ നോറോവൈറസ് ബാധ കൂടി കൊവിഡ് മഹാമാരിക്കാലത്ത് കണ്ടെത്തിയതോടെ, വയനാട്ടിൽ ആരോഗ്യസംവിധാനങ്ങൾ മൊത്തത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. നോറോ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. കുടിവെള്ള സ്രോതസ്സുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.

പൂക്കോട് വെറ്ററിനറി കോളേജിലെ കുടിവെള്ളസ്രോതസ്സ് മലിനമാക്കപ്പെട്ടതാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം പാകംചെയ്യുന്നതിൽ ശ്രദ്ധ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാചകത്തൊഴിലാളികളും ജാഗ്രത പുലർത്തണം.

വ്യാഴാഴ്ച ആലപ്പുഴ നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച 30 സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിൽ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേത്യത്വത്തിൽ വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. കേരളത്തിൽ ഇതിന് മുൻപ് നോറോ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വയനാട് ജില്ലാ കളക്ടർ നിർദേശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

Top