കൊവിഡ് മൂന്നാം തരംഗം; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കൊവിഡ് 19 രോഗസാധ്യത നിലനില്‍ക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. മാത്രമല്ല അതീവ വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി പരമാവധി പരിശോധനകള്‍ നടത്തും, എല്ലാ കൊവിഡ് ബാധിതരെയും കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലായിരിക്കും. വാക്‌സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്‌സീന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹിക അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കൊവിഡ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി.

കൊവിഡ് സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം എല്ലാവരും കണക്കിലെടുക്കണം. രണ്ടാം തരംഗത്തില്‍ നിന്നു കേരളം പൂര്‍ണമായി മോചനം നേടിയിട്ടില്ല. വാക്‌സീന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

Top