കേരളത്തില്‍ നല്ല നിലയില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നുവെന്ന കേന്ദ്ര വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. കേരളത്തില്‍ നല്ല നിലയില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും ചില സംസ്ഥാനങ്ങളില്‍ 16 ശതമാനം മാത്രമാണ് വാക്‌സിനേഷന്‍ നടന്നതെന്നാണ് താന്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ആദ്യത്തെ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനവും വാക്‌സിനേഷന്‍ എടുക്കാന്‍ സാധിച്ചു. സ്വാഭാവികമായും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളും വാക്‌സിനെടുക്കാന്‍ എത്തിയെന്ന് വരില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും നന്നായി വാക്‌സിന്‍ നല്‍കാന്‍ സാധിച്ച സംസ്ഥാനമാണ് കേരളം.

വാക്‌സിനേഷന് വേണ്ടിയുള്ള കോവിന്‍ പോര്‍ട്ടലിന്റെ ചില പ്രശ്‌നങ്ങള്‍ പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ വന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചപ്പോള്‍ കേരളത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സാഹചര്യമൊരുക്കി. അതിനാല്‍ ആദ്യത്തെ ദിവസം തന്നെ നല്ല ശതമാനം വാക്‌സിന്‍ കൊടുക്കാന്‍ കേരളത്തിന് സാധിച്ചു.

ഏത് വാക്‌സിനായാലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. വളരെ നന്നായി വാക്‌സിന്‍ സ്വീകരിച്ചവരെ പരിചരിക്കാന്‍ സാധിച്ചു. താരതമ്യേനെ വളരെ കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. വളരെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നതിനാല്‍ ആ രീതിയിലും കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരമാണ്. അതിനാല്‍ വാക്‌സിനേഷനില്‍ കുറവുണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. വാക്‌സിനേഷന്‍ കുറയുന്നുവെന്ന തരത്തില്‍ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പുകളൊന്നും ആരോഗ്യവകുപ്പിന് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top