സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐ സി യു , വെന്റിലേറ്റര്‍ സൗകതര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂര്‍ണതോതില്‍ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ചികില്‍സയില്‍ സ്വകാര്യ മേഖലയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ച 40 ഐ സി യു കടക്കകളില്‍ 20 എണ്ണത്തില്‍ മത്രമാണ് രോഗികള്‍ ഉള്ളത്. ആലപ്പുഴയില്‍ 11പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ളത്. രോഗികള്‍ ഇല്ലാത്ത നോണ്‍ കൊവിഡ് ഐസി യു ബെഡുകള്‍ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. എന്നാല്‍ നോണ്‍ കൊവിഡ് രോഗികളെ ഇതിനുവേണ്ടി ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കിടത്തി ചികില്‍സയിലുള്ള രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ ഒരുക്കും.ആരോഗ്യ പ്രവര്‍ത്തകരിലെ രോഗ ബാധ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിന് ക്രമീകരണം ഒരുക്കും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാണ്.ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകളില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം ഹാളുകള്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി പിന്നീട് അവസരം ഒരുക്കാനും തീരുമാനമായി.

Top