കൊവിഡ് വ്യാപനം; ടിപിആര്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനം ആശങ്കയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ടിപിആര്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നു പോലും വിട്ടുപോകാതെ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. എല്ലാ വകുപ്പുകളുടേയും ഏകോപനമുണ്ട്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നാണ് ദേശീയ തലത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ രോഗികളുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തില്‍ നിലവിലെ രീതിയില്‍ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകള്‍ കണ്ടെത്താനാണ് ശ്രമം. ഇതിനായി കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

‘പ്രതീക്ഷിക്കപ്പെട്ടത് പോലെയുള്ള കണക്കുകള്‍ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത്. ഡെല്‍റ്റ വകഭേദം തന്നെയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ടിപിആര്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ മികച്ച രീതിയിലാണ് വാക്‌സീനേഷന്‍ നല്‍കുന്നത്. ഗുരുതര രോഗികളുടെ എണ്ണം കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറയുന്നതും ആശ്വാസകരമാണ്. പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ടാണ് കുറച്ച് പേര്‍ക്ക് രോഗം വന്ന് പോയത്’.

‘ഓണക്കാലം വളരെ പ്രധാനപ്പെട്ട സമയമാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചടങ്ങുകള്‍ പറ്റുമെങ്കില്‍ ഒഴിവാക്കുക. അതല്ലെങ്കില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക. കോണ്ടാക്ട് ട്രേസിങ് ശക്തിപ്പെടുത്തും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്രസംഘം നാളെ വൈകീട്ട് കേരളത്തിലെത്തും’. വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Top