ആഭ്യന്തര വിമാനത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റീന്‍ ബാധകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തര വിമാനത്തില്‍ വരുന്നവരും 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആഭ്യന്തര വിമാനങ്ങളില്‍ വരുന്ന യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്നായിരുന്നു വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കോവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനമെന്നും അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഏത് മാര്‍ഗത്തില്‍ കൂടിയാണെങ്കിലും സംസ്ഥാനത്തെത്തുന്നവരെ കര്‍ശനമായി പരിശോധിക്കുക തന്നെ ചെയ്യും. തുടര്‍ന്ന് അവരെ ക്വാറന്റീന്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തുനിന്ന് വരുന്നവരെ ഹോം ക്വാറന്റീന്‍ ചെയ്യുന്നതാണ് ഫലപ്രദം. എന്നാല്‍ ക്വാറന്റീന്‍ നിര്‍ദ്ദശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സമൂഹത്തില്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരരുതെന്ന് മലയാളികളോട് പറയാന്‍ സാധിക്കില്ല. വരുന്നവരെ നന്നായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും, റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

നിരീക്ഷണം കര്‍ശനമാക്കിയാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളുവെന്നും നിരീക്ഷണം പാളിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top