നിപ; സമ്പര്‍ക്ക പട്ടിക വിപുലീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുറച്ച് ജില്ലയിലെ എംപി, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം സംഘടിപ്പിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഗസ്റ്റ് ഹൗസില്‍നിന്നും ഓണ്‍ലൈനായാണ് യോഗം സംഘടിപ്പിച്ചത്.

ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും.

വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യും. ഇവയുടെ ആവാസ വ്യവസ്ഥക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഹൗസ് സര്‍വെയ്‌ലന്‍സ് ആരംഭിച്ചു. ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന നടത്തുമെന്നും യോഗത്തെ അറിയിച്ചു. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ.കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ്.

Top