മനുഷ്യന്റെ മഹാ യജ്ഞമാണ് കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി

k.k-shylaja

തിരുവനന്തപുരം : മനുഷ്യന്റെ മഹാ യജ്ഞമാണ് കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. പുതുതലമുറ വഴിതെറ്റിയിട്ടില്ലെന്നും അവരുടെ സേവനം ലോകത്തിനു മാതൃകാപരമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വയനാട് ജില്ലാ ആശുപത്രിയില്‍ കൂടിയ പ്രത്യേക അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മൈക്രോ പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ട്. പ്ലാന്‍ വയനാട് ജില്ലയിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എലിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവ പടരാതെ സംരക്ഷിക്കേണ്ടതുണ്ട്. ശുദ്ധജലം ഉറപ്പാക്കാന്‍ ഫലപ്രദമായ ക്ലോറിനേഷന്‍ നടത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. മൂന്നു ഘട്ടങ്ങളിലായി വെള്ളം പരിശോധിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മരുന്നിനു യാതൊരു വിധത്തിലുള്ള ക്ഷാമവുമില്ല. ആരോഗ്യ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രവര്‍ത്തനം, ജീവിതശൈലീ രോഗങ്ങള്‍, മാനസിക വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ആക്ഷന്‍ പ്ലാനും തയാറാക്കിയിട്ടുണ്ട്. 50 വീടിന് രണ്ടു വോളന്റിയര്‍മാര്‍ വച്ച് ഒരു ദിവസം 25 വീടുകള്‍ സന്ദര്‍ശിച്ചു ക്ലോറിനേഷന്‍, പരിസരം അണുവിമുക്തമാക്കല്‍, അവബോധം എന്നിവ നല്‍കുന്നതാണ്. മരുന്നിന്റെ സ്റ്റോക്ക് ഉറപ്പു വരുത്തുകയും ചികിത്സാ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കു മരുന്നു നല്‍കി ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യും.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, എന്നിവരുടെ സഹായത്തോടെ മാനസിക വെല്ലുവിളികളുള്ളവരെ കണ്ടെത്തുന്നു. അവര്‍ക്കു സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് കൊടുക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.

മെഡിക്കല്‍ ക്യാംപുകളില്‍ ആയുര്‍വേദ, ഹോമിയോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും അതതു മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപുകള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെ ഓരോ വീട്ടിലും കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സെന്‍സസ് ടീമിനെ നിയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എംഎല്‍എമാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. നിസീമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Top