സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍ പോലെ ജനസൗഹാര്‍ദ്ദപരമാക്കുമെന്ന് ആരോഗ്യമന്ത്രി

K.K-SHYLAJA

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍ പോലെ ജനസൗഹാര്‍ദ്ദപരവും ആധുനിക സജ്ജീകരണവുമുള്ളതാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.

മെച്ചപ്പെടുത്തിയ സൗകര്യങ്ങളും അടിസ്ഥാനസൗകര്യവും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്വകാര്യആശുപത്രിരംഗത്ത് ചെയ്യുന്നതുപോലെ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടല്‍ ലീ മെറീഡിയനില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്യ) സംഘടിപ്പിച്ച രണ്ടുദിവസത്തെ അഞ്ചാമത് വാര്‍ഷിക ആഗോള കോണ്‍ക്ലവിന്റെ അവാര്‍ഡ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

ഉയര്‍ന്ന ആരോഗ്യ സൂചിക നിലനിര്‍ത്താന്‍ സംഘടിതമായ ശ്രമങ്ങള്‍ കേരളത്തില്‍ നടത്തേണ്ടതുണ്ട്. ഈയിടെ ഉയര്‍ന്നതോതില്‍ ഉണ്ടായ ഡെങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ ഭയാനകമാണ്. പകര്‍ന്നുപിടിക്കാത്ത അര്‍ബുദം, പ്രമേഹം പോലുള്ളവയും കേരളത്തില്‍ ഭയാനകമാംവിധം വര്‍ധിച്ചുവരികയാണ്. പ്രാഥമികവും പ്രതിരോധപരവുമായ പഴയ രീതിയിലേക്ക് ആരോഗ്യപരിചരണ നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും ചികിത്സ താങ്ങാനാവുന്ന രീതിയിലാക്കുന്നത് ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Top