വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം;വളരെ ഗുരുതരമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത്;വീണ ജോര്‍ജ്

നേമം: വീട്ടിലെ പ്രസവത്തിനിടയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍പ്പോയിരുന്നു. മുന്‍പ്രസവങ്ങള്‍ സിസേറിയനായതിനാലും ബി.പി. ഉണ്ടായിരുന്നതുകൊണ്ടും ആശുപത്രിയില്‍ പോകണമെന്ന് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവര്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

പോലീസും ജനപ്രതിനിധികളും ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. രാജ്യത്ത് അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ പ്രാക്റ്റീസ് ചെയ്തിരുന്നയാളാണ് ഇവരുടെ ഭര്‍ത്താവെന്നു കേട്ടിരുന്നു. മനഃപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ട സ്ഥിതിവിശേഷമാണിതെന്നും അതിനനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരോടുപോലും സംസാരിക്കുന്നതിന് യുവതിക്ക് വിലക്കുണ്ടായിരുന്നു. യുവതിയുടേതും കുഞ്ഞിന്റേതുമുള്‍പ്പെടെ രണ്ടു ജീവനുകളാണ് നഷ്ടമായത്. ഭരണഘടനാപരമായി ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഏത് ചികിത്സാരീതി വേണമെന്ന് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെങ്കിലും രാജ്യത്ത് അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Top