നെടുങ്കണ്ടം ആശുപത്രി പുറത്തുനിന്ന് സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി മടങ്ങി

തൊടുപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ നാല് താലൂക്ക് ആശുപത്രികളില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പരിശോധന നടത്തി. എന്നാല്‍ എം എം മണിയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പുറത്തു നിന്ന് സന്ദര്‍ശിച്ച് മടങ്ങി. മുന്‍കൂട്ടി അറിയിക്കാത്തതിനെ തുടര്‍ന്ന് എം എം മണിയും മറ്റ് എല്‍ഡിഎഫ് നേതാക്കളും എത്താതിതരുന്നതാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ കാരണം. ഇടുക്കിയിലെ അടിമാലി, കട്ടപ്പന എന്നീ താലൂക്ക് ആശുപത്രികള്‍ പരിശോധിച്ച ശേഷമാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും ഉദ്യോഗസ്ഥരും രണ്ടു മണിയോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

അടിമാലിയിലും കട്ടപ്പനയിലും മൂക്കാല്‍ മണിക്കൂറിലധികം സമയമെടുത്ത് പരിശോധിച്ച മന്ത്രി പക്ഷേ നെടുങ്കണ്ടത്ത് ആശുപത്രിക്കുള്ളില്‍ കയറിയില്ല. പുറത്തു നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി. മണ്ഡലത്തിലെ എം എല്‍ എ യായ എം എം മണി ഈ സമയം വട്ടവടയില്‍ പരിപാടിയിലായിരുന്നു. മുന്‍കൂട്ടി കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാലാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് എം എം മണിക്ക് എത്താന്‍ കഴിയാതെ വന്നത്. എന്നാല്‍, തനിക്ക് മറവിയില്ലെന്നും സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അടുത്തമാസം ഇടുക്കിയിലെത്തുമ്പോള്‍ എം എം മണിയോടൊപ്പം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ ആവശ്യത്തിനുള്ള തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കുമെന്ന് പീരുമേട്ടില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങാന്‍ പ്രഥമ പരിഗണന നല്‍കും. അടിമാലി, പീരുമേട് എന്നീ താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങാനും നിര്‍ദ്ദേശം നല്‍കി.

Top