പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും നവജാത ശിശുവുമാണ് പ്രസവത്തിന് തൊട്ടുപിന്നാലെ മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അടിയന്തര ചികിൽസ നൽകാൻ സീനിയർ ഡോക്ടർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിൻറേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി.

ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്പോൾ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അമ്മയും മരിച്ചു. രക്തസമ്മർദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു. ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം.

Top