സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി

kk-shailajaaaa

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

മൂന്നു പേര്‍കൂടി നിരീക്ഷണത്തിലാണ്. ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചികിത്സയില്‍ ഉള്ള വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രണ്ടു നഴ്സുമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടവേദനയുമുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശേധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേരെ കൂടി നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ജാഗ്രത തുടരും. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ല. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പൂനെയിലേക്കും അയച്ചത്. പനി ബാധിച്ച യുവാവ് എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല.

നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പറവൂര്‍ സ്വദേശിയായ യുവാവിനെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവിടെ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056 എന്ന ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറില്‍ നിന്നും ജനങ്ങള്‍ക്ക് വിവരങ്ങളറിയാം.

Top