സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാക്കിയതോടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെയാണ് മന്ത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് നിര്‍ത്തിവച്ചിരുന്നു.

ഇന്ന് തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. രാവിലെ എട്ട് മുതല്‍ പത്ത് വരെയാണ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചത്. ഇന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്‌കരണം നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. എല്ലാ മെഡിക്കല്‍ കോളജിലെയും കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ കഴിഞ്ഞ ദിവസം കൂട്ട രാജിവെച്ചിരുന്നു. തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ട രാജി.

Top