മസ്തിഷ്‌ക ജ്വരം: പ്രതിരോധമാര്‍ഗം തേടിയുള്ള ചര്‍ച്ചക്കിടെ ക്രിക്കറ്റ് സ്‌കോര്‍ തിരക്കി ബിഹാര്‍ മന്ത്രി

ന്യൂഡല്‍ഹി: മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള യോഗം ചേരുന്നതിനിടെ ക്രിക്കറ്റ് സ്‌കോര്‍ അന്വേഷിച്ച ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ വിവാദത്തില്‍. യോഗത്തിനിടെ മന്ത്രി ക്രിക്കറ്റ് സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേര്‍ മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.


ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്ന് മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ എന്ന് മന്ത്രിക്ക് മറുപടിയും നല്‍കുന്നുണ്ട്.

നൂറിലധികം കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ ബിഹാറില്‍ മരിച്ചത്. രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ഇത്രയും ആശങ്കാ ജനകമായ ഒരു അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യ മന്ത്രിയ്‌ക്കെതിരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Top