വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും ഇന്നലെ ഒരാളുമാണ് മരിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. വൃദ്ധസദനത്തിലെ മരണങ്ങള്‍ ആരെയും അറിയിക്കുന്നില്ലെന്നും തിടുക്കത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് വിശദമായ അന്വേഷമം വേണമെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി എടുത്തത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവരോട് മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Top