വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്.

ഇത്തരം കുടുംബങ്ങളില്‍ നിന്നും സ്‌കൂളില്‍ പോകുന്ന കുട്ടികളും ജീവനക്കാരുമുണ്ടാകാം. അവരുടേയും സ്‌കൂളിലെ മറ്റു കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിലെ വുഹാന്‍ തുടങ്ങിയ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികളോ അധ്യാപകരോ മറ്റു ജീവനക്കാരോ സ്‌കൂളില്‍ പോകാന്‍ പാടില്ല. മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട തീയതി മുതല്‍ 28 ദിവസം അവര്‍ വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇവര്‍ക്കാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക ചികിത്സാ സൗകര്യമുള്ള മെഡിക്കല്‍ കോളേജുമായോ ജനറല്‍ ആശുപത്രികളുമായോ ബന്ധപ്പെടേണ്ടതാണ്.

വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നു മടങ്ങിവരുന്ന ബന്ധുക്കളുള്ള വീട്ടില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ മറ്റു ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റേണ്ടതാണ്. അതിലൂടെ നിരീക്ഷണം ഒഴിവാക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുള്ളവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയുള്ളവര്‍ മൂന്ന് ദിവസത്തേക്ക് അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കുറയുന്നതുവരെ സ്‌കൂളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക.

ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശവും തേടാവുന്നതാണ്. എല്ലാ തിങ്കളാഴ്ചകളിലും നോവല്‍ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധ ക്ലാസുകള്‍ സ്‌കൂളുകളില്‍ നടത്തേണ്ടതാണ്. പരീക്ഷാ സംബന്ധമായി കുട്ടികള്‍ക്കുണ്ടാകുന്ന ആശങ്കള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി നിര്‍ദേശങ്ങള്‍ നല്‍കും. സംശയങ്ങള്‍ ഉള്ളവര്‍ ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു

Top