കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി ഇനിമുതല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും; ശിപാര്‍ശക്ക് അംഗീകാരം

തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കാസ്പ്) ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി ‘അഷ്വറന്‍സ്’ സ്വഭാവത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നു. ഇതിന് കാസ്പ് സ്‌പെഷല്‍ ഓഫിസര്‍ സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ പദ്ധതി അംഗങ്ങള്‍ക്ക് എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യചികിത്സ ലഭിക്കും. ചികിത്സചെലവ് ഇന്‍ഷുറന്‍സ് ഏജന്‍സി ക്ലെയിം പരിശോധിച്ച് ആശുപത്രികള്‍ക്ക് നല്‍കുന്നതിന് പകരം നേരത്തേ നടപ്പാക്കിയിരുന്ന ചിസ് പദ്ധതി മാതൃകയില്‍ സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് നല്‍കുന്നതാണ് അഷ്വറന്‍സ് പദ്ധതി.

കൂടുതല്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്വതന്ത്ര സ്വഭാവത്തില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) രൂപവത്കരിക്കും. 33 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശാനുസരണം ചിയാക്കിനായിയിരുന്നു (കോംപ്രിഹെന്‍സിവ് ഹെല്‍ത്ത് ഏജന്‍സി ഓഫ് കേരള) എസ്.എച്ച്.എയുടെ താല്‍ക്കാലിക ചുമതല. കാരുണ്യ പദ്ധതി അഷ്വറന്‍സ് സ്വഭാവത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് എസ്.എച്ച്.എ സ്വതന്ത്രമായി തന്നെ ആരംഭിക്കുന്നത്.

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ (ഗോള്‍ഡന്‍ അവര്‍) ലഭ്യമാക്കേണ്ട അടിയന്തര ചികിത്സയുടെയും ചുമതല ഇനി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക്(എസ്.എച്ച്.എ) ആയിരിക്കും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കായുള്ള സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെയും നോഡല്‍ ഏജന്‍സി എസ്.എച്ച്.എ ആണ്.ഗോള്‍ഡന്‍ അവര്‍’ ചികിത്സക്ക് റോഡ് ഫണ്ട് ബോര്‍ഡ് നീക്കിവെച്ച 40 കോടി വിനിയോഗിക്കാന്‍ എസ്.എച്ച്.എക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എസ്.എച്ച്.എയെ സൊസൈറ്റീഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാനും തീരുമാനമുണ്ട്.

Top