ശബരിമല സന്നിധാനത്ത് പകര്‍ച്ചവ്യാധി ഭീഷണി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. സന്നിധാനത്ത് കെട്ടികിടക്കുന്ന ചിരട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മഴ കടുത്തതോടെ ചിരട്ടയില്‍ വെള്ളം കെട്ടി കിടന്ന് കൊതുകുകള്‍ പെരുകാന്‍ തുടങ്ങി. ചിരട്ട നീക്കാനാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കരാറുകാരന് നോട്ടീസ് നല്‍കി.

കഴിഞ്ഞ മണ്ഡലകാലം മുതലുള്ള ചിരട്ടയാണ് കൊപ്ര കളത്തില്‍ കെട്ടികിടക്കുന്നത്. സന്നിധാനത്ത് താമസിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി വന്നേക്കാമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷമാണ് കൊപ്രാ കളത്തിലും പരിസരത്തുമുള്ളത്.

മജിസ്‌ട്രേറ്റ് വിഷയം കളക്ടര്‍, ദേവസ്വം കമ്മിഷണര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയതായി അറിയിച്ചു. എന്നാല്‍ ചിരട്ടക്ക് വില കുറഞ്ഞതാണ് നീക്കം ചെയ്യാഞ്ഞതെന്നാണ് കരാറുകാരന്‍ പറയുന്നത്. ആറ് കോടി രൂപക്കാണ് കൊപ്ര കളം സ്വകാര്യ വ്യക്തിക്ക് ദേവസ്വം ബോര്‍ഡ് ലേലത്തില്‍ നല്‍കിയത്.

മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. അമ്പതിനായിരത്തോളം തീര്‍ത്ഥാടകരാണ് അഞ്ച് ദിവസത്തിനിടെ അയ്യപ്പദര്‍ശനത്തിന് എത്തിയത്. ഇന്ന് സഹസ്രകലശ പൂജ ഉള്‍പ്പെടെയുള്ള പൂജകള്‍ നടക്കും. രാത്രി ഏഴ് മണിക്ക് ശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടില്ല. കര്‍ക്കിടക മാസപൂജകള്‍ക്കായി അടുത്ത മാസം 16ന് ക്ഷേത്രനട വീണ്ടും തുറക്കും.

Top